
ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം. അച്ചടക്ക നടപടി നേരിടുന്നതിനിടെ ഇൻസ്പെക്ടർ സ്ഥാനക്കയറ്റം നൽകിയതിൽ പോലീസ് വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്. ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ എൻ.എസ്. റോയിക്കാണ് സസ്പെൻഷനിൽ കഴിയവെ സ്ഥാനക്കയറ്റം ലഭിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയിൽ 43-ാം സ്ഥാനത്താണ് എൻ.എസ്. റോയിയുടെ പേര് ഉൾപ്പെട്ടത്. നിലവിൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ എങ്ങനെ സ്ഥാനക്കയറ്റത്തിന് പരിഗണിച്ചുവെന്നതാണ് വിവാദമായിരിക്കുന്നത്.
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റോയിയുടെ പേര് സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് വിവരം. എന്നാൽ, ഉദ്യോഗസ്ഥൻ സസ്പെൻഷനിലായിരിക്കെ ഇത്തരമൊരു റിപ്പോർട്ട് നൽകിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
സംഭവം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് അടിയന്തര വിശദീകരണം തേടും. സ്ഥാനക്കയറ്റ പട്ടിക തയ്യാറാക്കിയതിലും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോയെന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.











